Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കേരള കാര്‍ഷിക സര്‍വ്വകലാശാലയെക്കുറിച്ച്

ചരിത്രം

കേരളത്തിലെ കാർഷിക വിദ്യാഭ്യാസ ചരിത്രത്തിൻറെ തുടക്കം 1896 ൽ ഏതാനും ചെറുപ്പക്കാരെ ശാസ്ത്രീയ കൃഷി പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ  കരമന ഡെമോൺസ്‌ട്രേഷൻ ഫാമിൽ (ഇപ്പോൾ  കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലെ ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ) ആവിഷ്കരിച്ചു നടപ്പിലാക്കിയ പരിശീലനപരിപാടിയിലൂടെയാണ്. 1922-ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ഒരു അഗ്രികൾച്ചറൽ മിഡിൽ സ്‌കൂൾ ആരംഭിച്ചതോടെ സംസ്ഥാനത്തെ മിഡിൽ സ്‌കൂൾ ക്ലാസുകളിൽ കൃഷി ഒരു ഐച്ഛിക വിഷയമായി അവതരിപ്പിക്കപ്പെട്ടു. ഈ സ്കൂളിന്റെ ജനപ്രീതിയും പ്രചാരവും 1928-ൽ കൊട്ടാരക്കരയിലും 1931-ൽ കോന്നിയിലും സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കാൻ കാരണമായി.

പിന്നീട് 1953-ൽ കേരളത്തിൽ ഇന്റർമീഡിയറ്റ് കോഴ്സിന് കൃഷി ഒരു ഐച്ഛിക വിഷയമായി നടപ്പിലാക്കുകയുണ്ടായി. തുടർന്ന് 1955-ൽ കാർഷിക മൃഗശാസ്ത്ര രംഗത്തെ ഉന്നത പഠനത്തിനായി പഴയ തിരുവിതാംകൂർ-കൊച്ചി സർക്കാർ, തിരുവനന്തപുരം വെള്ളായണിയിൽ കാർഷിക കോളേജ്ജും ഗവേഷണ സ്ഥാപനവും, തൃശ്ശൂർ മണ്ണുത്തിയിൽ വെറ്റിനറി & മൃഗശാസ്ത്രകോളേജ്ജും  ആരംഭിച്ചു.  കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലായിരുന്ന  ഈ സ്ഥാപനങ്ങളെ 1956-ൽ കേരള സംസ്ഥാനം രൂപീകരിച്ചതോടെ കേരള സർവ്വകലാശാലയുമായി ബന്ധിപ്പിച്ചു. ബിരുദാനന്തര ബിരുദങ്ങളായ  എം.എസ്സി. (അഗ്രി), എം.വി.എസ്.സി എന്നീ കോഴ്‌സുകൾ യഥാക്രമം 1961, 1962  വർഷങ്ങളിലും ഗവേഷണ ബിരുദം  (പി.എച്ച്.ഡി.) 1965 ലും  ആരംഭിച്ചു.

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ (1964-66) ശുപാർശ പ്രകാരം ഓരോ സംസ്ഥാനത്തും ഒരു കാർഷിക സർവ്വകലാശാല എന്ന നയം നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. രാജ്യത്തെ കാർഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആവശ്യമായ പ്രചോദനം നൽകുന്നതിനായി ദേശീയ കാർഷിക ഗവേഷണ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമായാണ് സംസ്ഥാന കാർഷിക സർവ്വകലാശാലകൾ (എസ്.എ.യു.) സ്ഥാപിതമായത്. തൽഫലമായി 1971-ലെ ആക്റ്റ് 33 പ്രകാരം 1971 ഫെബ്രുവരി 24-ന് കേരള കാർഷിക സർവ്വകലാശാല (കെ‌.എ‌.യു.) സ്ഥാപിതമാകുകയും 1972 ഫെബ്രുവരി 1-ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  

1971-ലെ കെ‌.എ‌.യു. നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, വെള്ളായണിയിലെ  അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി എന്നിവ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലേയ്ക്ക് മാറി.  കൂടാതെ, വിവിധ വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണ-വിജ്ഞാനവ്യാപന പരിപാടികൾ ഏറ്റെടുക്കുന്നതിനായി ഇരുപത്തിയൊന്ന് കാർഷിക, മൃഗസംരക്ഷണ ഗവേഷണ കേന്ദ്രങ്ങളും കെ‌.എ‌.യു-വിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

2011-ൽ കേരള കാർഷിക സർവ്വകലാശാലയെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു.), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെ‌.എ‌.യു) എന്നിങ്ങനെ വിഭജിച്ചു.

നിലവിൽ സർവ്വകലാശാലയ്ക്ക്  അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഫോറസ്ട്രി എന്നീ വിഭാഗങ്ങളിലായി എട്ട് കോളേജുകൾ  (നാല് അഗ്രികൾച്ചർ, ഒരു അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഒരു ഫോറസ്ട്രി, ഒരു കോ-ഓപ്പറേഷൻ ബാങ്കിംഗ്, ഒരു ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിയോൺമെന്റൽ സ്റ്റഡീസ്), ആറ് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, ഏഴ് കൃഷി വിജ്ഞ്യാന കേന്ദ്രങ്ങൾ  15 ഗവേഷണ സ്റ്റേഷനുകൾ,  16 ഗവേഷണ-വിജ്ഞാന വ്യാപന യൂണിറ്റുകൾ എന്നീ സ്ഥാപനങ്ങൾ ഉണ്ട്.  കൂടാതെ, ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ് വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയും കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു. 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019