Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

പരിശീലനം

കേരള കാർഷിക സർവ്വകലാശാലയുടെ (കെ‌എ‌യു) ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള ഒരു പ്രധാന പ്രവർത്തനമാണ് വിജ്ഞാന വ്യാപന ഉദ്യോഗസ്ഥരുടെ പരിശീലനം. 1972 ൽ സർവ്വകലാശാല ആരംഭിച്ചതുമുതൽ പരിശീലന പരിപാടികൾ നടത്തിയിരുന്നുവെങ്കിലും, 1986 ൽ സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (സിടിഐ) സ്ഥാപിതമായതോടെ പരിശീലന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നു.  ദേശീയ കാർഷിക വിജ്ഞാന വ്യാപന പദ്ധതിയുടെ ഉപ പദ്ധതിയായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ കെ‌എ‌യുവിന്റെ പരിശീലനങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചു വരുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ളതും പരിശീലനം സിദ്ധിച്ചതുമായ മനുഷ്യവിഭവങ്ങളുടെ ലഭ്യത, അതിന്റെ ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള പരിശീലന പരിപാടികൾ നൽകാൻ സർവ്വകലാശാലയെ പ്രാപ്തമാക്കുന്നു. സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് രണ്ട് ഉപ യൂണിറ്റുകളുണ്ട് - ട്രെയിനിങ് സർവീസ് സ്കീം (പരിശീലന സേവന പദ്ധതി), വെള്ളായണി, ട്രെയിനിങ് യൂണിറ്റ്, പീലിക്കോട്, കാസർഗോഡ്.

പരിശീലന ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും കെ‌എ‌യു ഏറ്റെടുത്ത പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കെ‌എ‌യുവിന് കീഴിലുള്ള ഗവേഷണ സ്റ്റേഷനുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന ശേഷി ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിനും സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകിയിട്ടുണ്ട്. 

ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനം: പരിശീലനത്തിനായുള്ള ദേശീയ നയം കണക്കിലെടുത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകാൻ കേന്ദ്ര പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. അങ്ങനെ, സംസ്ഥാന കാർഷിക വികസനവകുപ്പുകളായ കൃഷിവകുപ്പ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ഗ്രാമവികസനം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വികസന വകുപ്പുകൾ തുടങ്ങിയവയുടെ  പരിശീലന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അതിന്റെ പരിശീലന പരിപാടികളുടെ വ്യാപ്തി വിപുലീകരിച്ചു. കൂടാതെ, ദേശസാൽകൃത ബാങ്കുകൾ, രാസവളങ്ങളുടെയും മറ്റ് കാർഷികോപാദികളുടെയും  വില്പന ഏജൻസികൾ, ചരക്ക് ബോർഡുകൾ എന്നിവയുടെയും പരിശീലനാവശ്യങ്ങൾ നിറവേറ്റുന്നു. പിന്നീട്, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി, സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകാൻ യൂണിവേഴ്സിറ്റി തീരുമാനിക്കുകയും, തൊഴിലില്ലാത്ത യുവജനങ്ങൾ, ഗ്രാമീണ വീട്ടമ്മമാർ മുതലായവർക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ ലാഭ-നഷ്ടങ്ങൾ ഇല്ലാത്ത രീതിയിൽ ആരംഭിക്കുകയും ചെയ്തു. ജനാധിപത്യ വികേന്ദ്രീകരണവും ജനകീയാസൂത്രണവും സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ചതോടെ പരിശീലനത്തിന്റെ ആവശ്യകത വർദ്ധിക്കുകയും കേന്ദ്ര പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഈ ആവശ്യകത നിറവേറ്റുകയും ചെയ്യുന്നു. അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ അധിഷ്ഠിത വിഷയങ്ങളിൽ വ്യത്യസ്ത സമയപരിധിയുള്ള സ്റ്റൈപ്പെൻഡറി പരിശീലന പരിപാടികളും സർവകലാശാല നടപ്പിലാക്കി വരുന്നു.

പരിശീലനസമീപനം: സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ  അനുഭവങ്ങളിൽനിന്ന്   പരിശീലനങ്ങളിൽ ചലനാത്മകത കൊണ്ടുവരുന്നതിനുള്ള കഴിവ് ആർജ്ജിച്ചിട്ടുണ്ട്. ഇത് പരിശീലന ആവശ്യകത വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു പരിശീലനസമീപനം പിന്തുടരുന്നതിന് സഹായകമായിട്ടുണ്ട്. ഓരോ പരിശീലന പ്രവർത്തനങ്ങൾക്കിടയിലും ആവശ്യകതകളുടെ മൂല്യനിർണ്ണയം ഏറ്റെടുക്കുകയും സാധ്യമായ പരിഷ്കാരങ്ങൾ പരിപാടിയിൽ കൊണ്ടുവരികയും ചെയ്യുന്നു. പങ്കെടുക്കുന്ന പരിശീലനാർത്ഥികളുടെ അന്തിമ വിലയിരുത്തൽ നടത്തുന്നതിൽ ഭാവി പരിശീലന പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകരമായ പ്രതികരണങ്ങൾ തേടുന്നത് പരിപാടികളുടെ മികവ് വർദ്ധിപ്പിക്കുന്നു.

ലക്ഷ്യമാക്കുന്ന വിഭാഗങ്ങൾ: സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രാഥമികമായി വിജ്ഞാന വ്യാപനത്തിൽ ഏർപ്പെട്ടിട്ടുള്ള മുതിർന്ന, മധ്യനിര പ്രവർത്തകരെയാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, പുരോഗമന കർഷകർ, കർഷക യുവാക്കൾ, കർഷക സ്ത്രീകൾ എന്നിവർക്കായി നൂതന വിഷയങ്ങളിൽ പരിശീലന പരിപാടികളും  കേന്ദ്ര പരിശീലന സ്ഥാപനം ഏറ്റെടുത്തു നടപ്പിലാക്കുന്നു. പ്രീ-റിലീസ് പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള  പ്രത്യേക പരിശീലന പരിപാടികളും ഇവിടെ നടത്തി വരുന്നു. കൂടാതെ, ദേശീയ തല സെമിനാർ-ശില്പശാലകളും കേന്ദ്ര പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

പരിശീലനപ്രാധാന്യങ്ങൾ: ഏതുതരം പരിശീലനമായിരുന്നാലും അറിവ്, കഴിവുകൾ, മനോഭാവം എന്നിവയിൽ ആസൂത്രിതവും വ്യവസ്ഥാനുസൃതവുമായ പുരോഗതിക്കായി പ്രാധാന്യം നൽകുന്നു. വിഷയാവഗാഹത്തിൽ പരിശീലനാർത്ഥികളുടെ ആവശ്യങ്ങളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ചുള്ള അറിവ്, വിജ്ഞാന വ്യാപന രീതികളിലുള്ള പരിജ്ഞാനം  എന്നിവയും  ഉൾപ്പെടും.ഇതിലൂടെ പരിശീലന മികവിനായി  തിരഞ്ഞെടുക്കുന്ന വ്യത്യസ്തങ്ങളായ നിപുണതകളിൽ ആശയവിനിമയ കഴിവുകൾ, സാങ്കേതിക വൈദഗ്ദ്ധ്യവികസനം, പ്രകടന നൈപുണ്യം, സംഘാടനത്തിനാവശ്യമായ കഴിവുകൾ, പരിശീലന നൈപുണ്യങ്ങൾ, വിശകലന  കഴിവുകൾ എന്നിവഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മനോഭാവ വികസനത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നു. അതോടൊപ്പം പങ്കെടുക്കുന്നയാളുടെ ജോലി, മേലുദ്യോഗസ്ഥർ, ഉപഭോക്താക്കൾ  എന്നിവയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായും പ്രവർത്തിക്കുന്നു.

വൈജ്ഞാനിക വിഭാഗവും രീതിശാസ്ത്രവും: കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധർ പ്രാഥമിക വിഭവ അടിത്തറയായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മറ്റ് ആദരണീയമായ ഏജൻസികളിൽ നിന്നുമുള്ള വിദഗ്ദ്ധ പരിശീലകരേയും ഉപയോഗപ്പെടുത്തി വരുന്നു.  പങ്കെടുക്കുന്നവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് പരിശീലന പരിപാടികളിൽ സൈദ്ധാന്തികവും പ്രായോഗികവുമായ രീതികളുടെ ഒരു സമ്മിശ്രണമാണ് പിൻതുടർന്നു വരുന്നത്.  കൃഷിയിട സന്ദർശനങ്ങൾ, കേസ് പഠനങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, ഓഡിയോ-വിഷ്വൽ അധ്യാപനം എന്നിവയ്ക്ക് പ്രമുഖ്യം നൽകുന്നതിലൂടെ  പരിശീലന പരിപാടികളിലെപങ്കാളിത്തം സംവേദനാത്മകവും അനുഭവപരവുമാക്കുന്നതിന് പരമാവധി ഊന്നൽ നൽകുന്നു.

പ്രവര്‍ത്തനരീതി: എല്ലാ വർഷവും, വിജ്ഞാനവ്യാപന സേവനങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി പരിശീലനത്തിനുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഈ നിർദ്ദേശങ്ങൾ, വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ, വർഷത്തിൽ ഒരിക്കൽ യോഗം ചേരുന്ന ജോയിന്റ് ട്രെയിനിംഗ് കമ്മിറ്റിയിൽ (ജെ‌ടി‌സി) ചർച്ച ചെയ്‌ത് അംഗീകരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ വാർഷിക പരിശീലന കലണ്ടർ തയ്യാറാക്കുകയും ചെയ്യുന്നു. ഓരോ പരിശീലന പരിപാടിക്കും ഒരു കോഴ്‌സ് ഡയറക്ടറെ നാമനിർദ്ദേശം ചെയ്യുകയും ആ പരിശീലനത്തിൻറ്റെ വിജയകരമായ നടത്തിപ്പിനുള്ള ഉത്തരവാദിത്വം നാമനിർദ്ദേശിക്കപ്പെട്ടയാൾക്കായിരിക്കും. അപേക്ഷകരെ സ്പോൺസർ ചെയ്യുന്ന വകുപ്പ് / ഏജൻസിയിൽ നിന്ന് പരിശീലന ഫീസ് ഈടാക്കുന്നു. 

പ്രത്യേക പരിപാടികൾ:

  • ഹോർട്ടികൾച്ചർ: ഹോർട്ടികൾച്ചറിലെ പ്രത്യേക പരിപാടികളായ പച്ചക്കറി ഉൽപാദന സാങ്കേതികവിദ്യ, പഴങ്ങളുടെ കൃഷി രീതികൾ, ഔഷധ സസ്യങ്ങളുടെ ഉൽപാദന സാങ്കേതികവിദ്യ, സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി രീതികൾ എന്നിവ അമ്പലവയൽ, സദാനന്ദപുരം, പട്ടാമ്പി, മഞ്ജേശ്വരം എന്നിവിടങ്ങളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.
  • മൃഗസംരക്ഷണ പരിശീലന പരിപടികളായ കോഴി വളർത്തൽ, ആട് വളർത്തൽ, ശുദ്ധമായ പാൽ ഉൽപാദനം എന്നിവ അമ്പലവയൽ, സദാനന്ദപുരം, പട്ടാമ്പി എന്നിവിടങ്ങളിലെ മൂന്ന് കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്നു.
  • പ്രത്യേക ഘടക പദ്ധതി: പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഗ്രാമീണ യുവാക്കൾക്ക് നഴ്‌സറി നിർമ്മാണത്തിലും പച്ചക്കറി ഉൽപാദനത്തിലും പ്രത്യേക ഘടക പദ്ധതി പ്രകാരം കൃഷി വിജ്ഞാന കേന്ദ്രം, സദാനന്ദപുരം, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി എന്നിവിടങ്ങളിൽ പരിശീലനം നൽകുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ തരിശുഭൂമി വികസന വകുപ്പിന്റെ സഹായത്തോടെ സർവ്വകലാശാല മലപ്പുറം ജില്ലയിലെ മങ്കടയിലും, കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും, നടപ്പാക്കിയ പരിശീലന-വിജ്ഞാന വ്യാപന പരിപാടികൾ കാർഷിക വനവത്ക്കരണ മാതൃകകളിൽ സംരക്ഷണ ഫാമുകൾ വികസിപ്പിക്കുന്നതിനു സഹായിച്ചു. ഈ പദ്ധതി കാർഷിക മേഖലകളിലെ കാർഷിക വനവൽക്കരണ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും തരിശുഭൂമി വികസന സാങ്കേതികവിദ്യകൾ കർഷകർക്ക് കൈമാറുന്നതിനുമായി വിവിധ വിജ്ഞാന വ്യാപന, പരിശീലന പരിപാടികൾ ഏറ്റെടുത്തു. ഫോറസ്ട്രി, അഗ്രോ-ഫോറസ്ട്രി, അനുബന്ധ മേഖലകളിലെ ഉൽ‌പാദനത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വകാല കോഴ്സുകളും സർക്കാർ വികസന വകുപ്പുകളുടെ വിജ്ഞാന വ്യാപന ഉദ്യോഗസ്ഥർക്കും കേരളത്തിലെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും കാർഷിക വനവൽക്കരണ പരിശീലന പരിപാടികളും പദ്ധതി പ്രകാരം സംഘടിപ്പിക്കാറുണ്ട്.  മലപ്പുറം ജില്ലയിലെ മങ്കട ബ്ലോക്കിലെ ഉയർന്ന മഴയുള്ള ലാറ്ററൈറ്റ് മണ്ണിൽ കാർഷിക-വനവൽക്കരണ മാതൃകകളും തരിശുഭൂമി വികസന സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിനുള്ള മൂന്ന് വർഷത്തെ പദ്ധതി ആനക്കയം കശുമാവ് ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.  പദ്ധതിക്ക് പൂർണമായും ധനസഹായം നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ തരിശുഭൂമി വികസന വകുപ്പാണ്.  പ്രധാന വിളയായി കശുവണ്ടി ഉപയോഗിച്ച് കാർഷിക വന മാതൃകകൾ വികസിപ്പിക്കുക, കൃഷിക്കാരുടെ വയലുകളിൽ പ്രകടന പ്ലോട്ടുകൾ ഉയർത്തുക, കശുവണ്ടിത്തോട്ടങ്ങളിൽ പൈനാപ്പിൾ ഇടവിളക്കൃഷിയാക്കുക, പൊതു ഭൂമിയുമായി ബന്ധപ്പെട്ട തരിശുഭൂമികൾ വികസിപ്പിക്കുക, ഉയർന്ന വിളവ് ലഭിക്കുന്ന കശുവണ്ടി ക്ലോണുകൾ, തേക്ക് സ്റ്റമ്പുകൾ, വൃക്ഷതൈകൾ എന്നിവയുടെ ഉത്പാദനത്തിനായി നഴ്സറികൾ വളർത്തുക എന്നിവയാണ് പദ്ധതി ഇപ്പോൾ ഏറ്റെടുക്കുന്ന പ്രധാന പരിപാടികൾ.   പരിപാടിയുടെ ഗുണഭോക്താക്കളായ കർഷകർ രൂപീകരിച്ച തരിശുഭൂമി വികസന സമിതികൾ പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നു.   മണ്ണ്, ജലസംരക്ഷണം എന്നിവയിൽ കർഷകർക്കും വിജ്ഞാന വ്യാപന ഉദ്യോഗസ്ഥർക്കും, പരിശീലന പരിപാടികൾ, ചരിഞ്ഞ പ്രദേശങ്ങളിലെ കൃഷിരീതികൾ, ഊർജ്ജ തോട്ടങ്ങൾ, മലയോരമേഖലയിലെ കാർഷിക വനവൽക്കരണം എന്നിവയും നടത്തുന്നു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019